കൽപ്പറ്റ: പെരുന്നാള് കഴിഞ്ഞു, വിഷുവും കഴിഞ്ഞു, ഈസ്റ്റർ ഇപ്പോൾ കഴിയും, പക്ഷെ സർക്കാർ പ്രഖ്യപനം ഉണ്ടായി ഒന്നര മാസമായിട്ടും മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് നൽകുമെന്നറിയിച്ച കിറ്റും ദിവസ വേതനവും പ്രഖ്യാപനത്തിലൊതുങ്ങി. ഫെബ്രുവരി 27നാണ് നിർത്തിവെച്ചിരുന്ന കിറ്റും ദിവസ വേതനവും പുനസ്ഥാപിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒന്നര മാസം പിന്നിടുമ്പോഴും ഒന്നും നടപ്പായില്ല.
സർക്കാർ പ്രഖ്യാപനം കാത്തിരുന്ന ദുരന്തബാധിതരും പ്രതിസന്ധിയിലായി.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വാടക വീടുകളിലേക്ക് മാറിയ കുടുംബങ്ങൾക്കാണ് സർക്കാർ സൗജന്യമായി കിറ്റും കുടുംബത്തിലെ രണ്ട് പേർക്ക് 300 രൂപ വീതം ദിവസ വേതനവും സഹായമായി നൽകിയത്. ദുരന്തത്തിന്റെ ആഘാതത്തിൽ മറ്റിടങ്ങളിലേക്ക് മാറിയവർക്ക് ഏറെ ആശ്വാസകരമായിരുന്നു സർക്കാർ സഹായം. എന്നാൽ മുന്ന് മാസത്തിന് ശേഷം ഇവ രണ്ടും സർക്കാർ നിർത്തി. ഇതോടെ ജീവിതച്ചെലവിനും അധിക വാടകക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമടക്കം ദുരന്ത ബാധിതർ ഏറെ ബുദ്ധിമുട്ടി.
മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരി 27 നാണ് ദിവസ വേതനവും കിറ്റും പുനസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. ദിവസ വേതനത്തോടൊപ്പം സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനുമായിരുന്നു തീരുമാനം.
Where is the kit and daily allowance? The victims of the Mundakai-Churalmala disaster are in distress.